ചണ്ഡിഗഡ്: സെക്‌ടര്‍ 32ലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് യുവതികള്‍ മരിച്ചു. രണ്ട് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മുകളിലെ നിലയിലുണ്ടായിരുന്ന രണ്ട് പേരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷിച്ചു. തീപിടിച്ചത് കണ്ട ഉടനെ വീടിന്‍റെ രണ്ടാം നിലയില്‍ നിന്ന് പുറത്തേക്ക് ചാടിയ ഒരു കുട്ടിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തീപിടിത്തതിന്‍റെ കാരണം വ്യക്തമായിട്ടില്ല.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടാണിത്. 30 ഓളം കുട്ടികള്‍ ഇവിടെ താമസിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. അപകടസമയത്ത് ആറ് പേര്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. തീപിടിത്തത്തില്‍ ഒന്നാം നിലയിലെ ഫാൻ, ഫ്രിഡ്ജ്, കിടക്ക എന്നിവയുള്‍പ്പടെ നിരവധി വസ്തുക്കൾ കത്തിക്കരിഞ്ഞിട്ടുണ്ട്. കെട്ടിടങ്ങള്‍ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിര്‍മിച്ചിട്ടുള്ളതെന്ന് അഗ്നിശമനസേന അറിയിച്ചു.