ലക്‌നൗ: കൊടുംഭീകരൻ വികാസ് ദുബെയുടെ മൂന്ന് സഹായികൾ കൂടി പിടിയിലായി. ബിക്രു ഗ്രാമത്തിൽ നിന്നും തിങ്കാളാഴ്‌ച രാത്രിയാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്‌ത മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലടക്കുമെന്നും പൊലീസുകാർ തെരച്ചിൽ നടത്തുന്നുണ്ടെന്ന വിവരം ദുബെക്ക് ചോർത്തിക്കൊടുത്ത കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്നും പൊലീസ് അറിയിച്ചു.
ഏറ്റുമുട്ടലിനിടെ ജീവൻ രക്ഷിക്കാൻ പൊലീസുകാർ ക്ഷമ ദുബെയുടെ വീട്ടിൽ അഭയം തേടിയെങ്കിലും അവർ അത് നിരസിച്ചു. വികാസ് ദുബെയുടെ അനന്തരവൻ സഞ്ജയ് ദുബെയുടെ ഭാര്യയാണ് ക്ഷമ ദുബെ. ക്ഷമ ദുബെ പൊലീസുകാർ വീട്ടിലെത്തിയ വിവരം വികാസിനെ അറിയിച്ചിട്ടുണ്ടാകുമെന്ന് കാൺപൂർ എസ്‌എസ്‌പി ദിനേശ് കുമാർ പ്രഭു പറഞ്ഞു. ദുബെയുടെ സഹായികൾ വീടിന് സമീപത്തുണ്ടായിരുന്ന പൊലീസുകാരെ വെടിവെച്ചു കൊന്നു.
ക്ഷമ ദുബെയുടെ ജോലിക്കാരന്‍റെ ഭാര്യയായ രേഖ അഗ്‌നിഹോത്രിയെയും മറ്റൊരു ജോലിക്കാരിയായ ദയ ശങ്കറിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്‌തിരുന്നു. അക്രമികളെ സഹായിച്ച സുരേഷ് വർമ എന്നയാളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തു. എന്നാൽ പ്രധാന പ്രതി വികാസ് ദുബെ ഇപ്പോഴും ഒളിവിലാണ്. വികാസ് ദുബെയെ പിടികൂടാനുള്ള തെരച്ചിലിനിടക്ക് നടന്ന വെടിവെപ്പില്‍ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
ഒരു സാധാരണക്കാരൻ ഉൾപ്പെടെ ഏഴ് പേർക്കും ആക്രമണത്തിൽ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ശിവരാജ്‌പൂർ പൊലീസ് സ്റ്റേഷൻ എസ്‌ഐ നെബു ലാൽ, മന്ദന പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അനുപ് കുമാർ സിംഗ് എന്നിവരും, കോൺസ്റ്റബിൾമാരായ സുൽത്താൻ സിംഗ്, രാഹുൽ, ബബ്ലു, ജിതേന്ദ്ര എന്നിവരും ഉൾപ്പെടുന്നു.