ലഖ്‌നൗ: ഉത്തർപ്രദേശിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമായ ആൺ കുഞ്ഞ് രോഗം ഭേദമായി ആശുപത്രി വിട്ടു. ഏപ്രിൽ 12നാണ് കുഞ്ഞിനേയും അമ്മയേയും കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. കുഞ്ഞിൽ നിന്നും അമ്മയിലേക്ക് രോഗം പകരാതിരിക്കാനാണ് ഡോക്ടർമാർ ഏറ്റവും അധികം ശ്രദ്ധിച്ചിരുന്നതെന്ന് കുഞ്ഞിനെ പരിശോധിച്ചിരുന്ന ഡോക്ടർ പറഞ്ഞു.
കുഞ്ഞിനെ സുഖപ്പെടുത്തുന്നതിനൊപ്പം അണുബാധ അമ്മയിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കുകയായിരുന്നു ഡോക്ടർമാരുടെ മുമ്പിലുള്ള പ്രധാന വെല്ലുവിളി. ഐസൊലേഷൻ വാർഡിൽ വെച്ചായിരുന്നു അമ്മ കുഞ്ഞിനെ പരിപാലിച്ചിരുന്നത്. കുഞ്ഞിന് മുലയൂട്ടുന്ന സമയത്ത് മാസ്കും കയ്യുറകളും അവർ ധരിച്ചിരുന്നുവെന്നും ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഗണേഷ് കുമാർ പറഞ്ഞു. കുഞ്ഞിന് പനി ഒഴികെ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടക്കത്തിൽ തന്നെ മരുന്ന് നൽകിയിരുന്നു. വളരെ പെട്ടെന്ന് തന്നെ കുഞ്ഞ് സുഖം പ്രാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 25നും 26നുമായി അമ്മക്കും കുഞ്ഞിനും നടത്തിയ കൊവിഡ് പരിശോധനയിൽ രണ്ട് പേരുടേയും ഫലം നെഗറ്റീവ് ആയിരുന്നു. ആശുപത്രി വിട്ടുവെങ്കിലും നിരീക്ഷണത്തിൽ തുടരണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് വിജയേന്ദ്ര പാണ്ഡ്യൻ, കമ്മീഷണർ ജയന്ത് നർലിർക്കർ, കുമാർ തുടങ്ങിയ ഉദ്യോഗസ്ഥർ ആശുപത്രി വിട്ട അമ്മയേയും കുഞ്ഞിനേയും ആശംസിച്ചു.