ന്യൂഡല്‍ഹി: ആക്രികടക്കാരനെ കവര്‍ച്ച ചെയ്‌ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ദില്‍ഷാദ് ഗാര്‍ഡനിലെ ആക്രി കച്ചവടക്കാരനായ മുന്നാ ബെഗാണ് കവര്‍ച്ചക്കിരയായത്. ഇടപാടുകാരനില്‍ നിന്ന് ശേഖരിച്ച പണവുമായി ജുൾഫെ ബംഗാൾ പ്രദേശത്തെ ഗോഡൗണിലേക്ക് മോട്ടോര്‍സൈക്കിളില്‍ മടങ്ങവെയാണ് ഇയാള്‍ കവര്‍ച്ചയ്‌ക്കിരയായത്. നാല് ലക്ഷം രൂപയാണ് മോഷ്‌ടിക്കപ്പെട്ടത്.
കേസന്വേഷിച്ച സീമാപുരി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷ്‌ടിച്ച പണമുപയോഗിച്ച് വാങ്ങിയ രണ്ട് മൊബെല്‍ഫോണുകളും പൊലീസ് കണ്ടെത്തി. മൂന്ന് മോട്ടോര്‍ സൈക്കിളുകളിലായെത്തിയ പ്രതികള്‍ ഗോഡൗണിന് സമീപം വെച്ച് ഇയാളെ തോക്ക് ചൂണ്ടിയും കത്തി കാട്ടിയും ഭീഷണിപ്പെടുത്തിയാണ് പണം അപഹരിച്ചതെന്ന് പൊലീസ് പറയുന്നു. ശേഷിക്കുന്ന പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.