ജയ്‌പൂർ: ഒക്ടോബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്ലാസ്റ്റിക്ക് നിരോധന പ്രഖ്യാപനത്തിന് മുൻപെ രാജസ്ഥാനിലെ കോട്ട ജില്ലയിലെ കേശവപുര ഗ്രാമം രാജ്യത്തിന് മാതൃകയാണ്.
പ്ലാസ്റ്റിക് ഉപഭോഗം മൂലം നിരവധി വളർത്തു കന്നുകാലികൾ ചത്തൊടുങ്ങിയതിന് ശേഷമാണ് ഗ്രാമവാസികൾ ഇനി ജൈവ നശീകരണ വസ്‌തുക്കൾ ഉപയോഗിക്കരുതെന്ന് തീരുമാനിച്ചത്. 2019 ജൂലൈ 11 ന് ഗ്രാമവാസികൾ ഗ്രാമത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുകയും ഒരു കുഴിയിൽ ഇവ കൂട്ടിയിട്ട് തീയിടുകയും ചെയ്‌തു. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വീണ്ടും ഉപയോഗിക്കില്ലെന്ന് ഇവർ പ്രതിജ്ഞയെടുത്തു. ഈ തീരുമാനം നാട്ടുകാർക്ക് മാത്രമല്ല കന്നുകാലികൾക്കും ആശ്വാസം നൽകി. ഗ്രാമവാസികൾ സ്വമേധയാ സ്വീകരിച്ച ഈ തീരുമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേശവപുര ഗ്രാമവികസന സമിതി സിംഗിൾ യൂസ് പ്ലാസ്റ്റിക്ക് ഔദ്യോഗികമായി നിരോധിക്കാനുള്ള തീരുമാനമെടുത്തു. ഇതിന്‍റെ ഫലമായി ഗ്രാമത്തിൽ നടക്കുന്ന വിരുന്നുകളിൽ പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ എന്നിവയൊന്നും ഉപയോഗിക്കാതെയായി.
കേശവപുരയിലുടനീളം വേസ്റ്റ് ബിന്നുകൾ വരെ ലോഹ നിർമിതമാക്കി മാറ്റി സ്ഥാപിക്കാൻ ഗ്രാമവികസന സമിതി തീരുമാനിച്ചു. ഈ ചെറിയ ഗ്രാമത്തിലെ ഓരോ നിവാസിയും ഷോപ്പിംഗ് ആവശ്യങ്ങൾക്കായി ഒരു പേപ്പർ ബാഗ് അല്ലെങ്കിൽ ഒരു തുണി ബാഗെങ്കിലും സൂക്ഷിക്കുന്നു. സംസ്ഥാന തലസ്ഥാനമായ ജയ്‌പൂരിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നതും 600 പേരോളം താമസിക്കുന്നതുമായ കേശവപുര ഇപ്പോൾ അയൽ ഗ്രാമങ്ങളിൽ പരിസ്ഥിതി സൗഹൃദ നടപടികൾ സ്വീകരിക്കാൻ പ്രചോദനമാകുന്നു.