ലഖ്‌നൗ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ നിയന്ത്രണ വിധേയമാക്കി നിർത്തിയതുപോലെ മോദി സർക്കാരിനെ നിയന്ത്രിക്കാൻ ഗാന്ധി കുടുംബം ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. പി.എം- കെയേഴ്‌സ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികളിൽ നിന്ന് സംഭാവന സ്വീകരിച്ച നടപടിക്കെതിരെ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പ്രതികരിച്ചിരുന്നു. സർക്കാർ നടപടി
ദേശീയ സുരക്ഷക്ക് ഭീഷണിയാകുമെന്നും സിംഗ്‌വി പറഞ്ഞു. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി നഖ്‌വിയുടെ പ്രതികരണം. ഇത് ഗാന്ധി കുടുംബം നിയന്ത്രിച്ചിരുന്ന സിംഗ് സർക്കാർ അല്ലെന്നും രാജ്യത്തിന്‍റെ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രതിജ്ഞാബദ്ധരായ നരേന്ദ്ര മോദി സർക്കാരാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഒരു കുടുംബ ഫോട്ടോ ഫ്രെയിമിൽ ഒതുങ്ങുന്ന കോൺഗ്രസ് പാർട്ടി യാഥാർഥ്യത്തെ അംഗീകരിക്കുന്നില്ല. ഇന്ത്യക്ക് ഭീഷണിയായി നിൽക്കുന്നവർക്ക് ശുദ്ധവായു നൽകി പരിചരിക്കുകയാണ് കോൺഗ്രസ്. രാജ്യത്തിന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനുമാണ് അവർ ശ്രമിക്കുന്നത്. ഇന്ത്യ വിരുദ്ധ ശക്തികൾ അവരുടെ തിന്മ പ്രവൃത്തികൾക്കായി കോൺഗ്രസിനെ ഉപയോഗിച്ചേക്കാമെന്നും നഖ്‌വി കൂട്ടിച്ചേർത്തു.