ഹൈദരാബാദ്: പ്ലാസ്റ്റിക് ഭീഷണിക്കെതിരെ പോരാടാനുള്ള ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറുടെ ശ്രമങ്ങൾ ഹൈദരാബാദിൽ ഫലം കണ്ടുതുടങ്ങി. തന്‍റെ നഗരത്തിൽ കാൻസർ പോലെ പടരുന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിനെതിരെ ജാഗ്രതയോടെ പോരാടുകയെന്ന ലക്ഷ്യത്തിലാണ് ദോസപതി രാമു. ഇതേ ആവശ്യത്തിനായി ഒരു പദ്ധതിയും അദ്ദേഹം ആരംഭിച്ചു. പ്ലാസ്റ്റിക്ക് നൽകുന്ന എല്ലാവർക്കും പാരിതോഷികമായി ചെറിയ ചെടികളും തൈകളും അദ്ദേഹം നൽകും.
'പ്ലാന്‍റ് ഫോർ പ്ലാസ്റ്റിക്' എന്ന് വിളിക്കുന്ന ഈ പദ്ധതിക്കായി കിഴക്കൻ ഗോദാവരി കടിയയിൽ നിന്ന് ആയിരക്കണക്കിന് സസ്യങ്ങൾ അദ്ദേഹം കൊണ്ടുവന്നു. ഒരു ചെറിയ ചിപ്പ്സിന്‍റെ പാക്കറ്റിന് പോലും പകരം സസ്യങ്ങൾ നൽകുന്നു. ശേഖരിച്ച പ്ലാസ്റ്റിക് പിന്നീട് റീസൈക്ലിംഗിനും തുടർന്നുള്ള സംസ്കരണത്തിനും സൗജന്യമായി ജിഎച്ച്എംസി (ഗ്രേറ്റർ ഹൈദരാബാദ് മുന്‍സിപ്പല്‍ കോർപ്പറേഷൻ) ലേക്ക് എത്തിക്കുന്നു.
പ്ലാസ്റ്റിക്കെന്ന വിപത്തിനെതിരെ പോരാടാനുള്ള തന്‍റെ ലക്ഷ്യം നിറവേറ്റുന്നതിനായി, 'ടിഫിൻ ബോക്സ് ചലഞ്ച്' എന്ന മറ്റൊരു വെല്ലുവിളിയും രാമു ഏറ്റെടുത്തു. ഇതിലൂടെ വീടുകളിൽ ഇറച്ചി കൊണ്ടുപോകുന്നതിന് ഒറ്റ-ഉപയോഗ പ്ലാസ്റ്റിക്കിന് പകരം ടിഫിൻ ബോക്സുകൾ ഉപയോഗിക്കാൻ അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
മാംസം കഴിക്കുന്നത് നിർത്താൻ താൻ ആളുകളോട് ആവശ്യപ്പെടുന്നില്ലെന്നും പരിസ്ഥിതിക്ക് അൽപ്പം സംഭാവന നൽകാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും രാമു പറയുന്നു. ഈ ദൗത്യം നിറവേറ്റുന്നതിനായി അദ്ദേഹം തുടക്കത്തിൽ തന്‍റെ സുഹൃത്തുക്കളെ വെല്ലുവിളിച്ചു. ശ്രമങ്ങൾ ഇപ്പോൾ ഫലം കാണുന്നതായി രാമു പറയുന്നു. എന്നിരുന്നാലും ഹൈദരാബാദിലെ ഇറച്ചി കട ഉടമകൾ ഈ പുതിയ വെല്ലുവിളിയോട് പൊരുത്തപ്പെടാൻ തുടങ്ങിയിട്ടില്ല.