ലോക ഫുട്ബോളില്‍ ഇന്ത്യയുടെ സ്ഥാനം എന്നും പിന്നില്‍ തന്നെയാണ്. എന്നാല്‍ കളി മികവുകൊണ്ടും ലോക നിലവാരമുള്ള താരങ്ങളെ വെല്ലുന്ന പ്രകടനം കൊണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിരവധി പ്രതിഭകളെ ഇന്ത്യ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. വനിതകളുടെ കാല്‍പ്പന്ത് കളിക്ക് ഇന്ത്യയില്‍ അത്രയൊന്നും പ്രശസ്തിയില്ലാതിരുന്ന കാലത്ത് ലോകത്തിന് മുന്നില്‍ ഇന്ത്യ അഭിമാനത്തോടെ അവതരിപ്പിച്ച താരമാണ് ഒയിനം ബെബം ദേവി. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ നിന്ന് 1988ലാണ് ഇന്ത്യൻ ഫുട്ബോളിലെ ' ദുർഗ ' എന്ന് പിന്നീട് അറിയപ്പെട്ട ഒയിനം ബെബം ദേവി അന്താരാഷ്ട്ര ഫുട്ബോളിലേക്ക് കടന്നു വന്നത്.
മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ 1980 ഏപ്രില്‍ 4നാണ് ഒയിനം ബെബം ദേവി ജനിച്ചത്. അണ്ടർ 13 ടീമിലൂടെ ഫുട്ബോൾ കളിച്ചുതുടങ്ങിയ ഒയിനം ബെം ബെം 32-ാം ദേശീയ ഗെയിംസില്‍ ആന്ധ്രയുടെ നായികയായി. ഇന്ത്യൻ ടീമിലെ ആറാ നമ്പർ ജേഴ്സിയണിഞ്ഞിരുന്ന ഒയിനം ബെബം ദേവിയെ 2017ല്‍ രാജ്യം അർജുന അവാർഡ് നല്‍കി ആദരിച്ചു. 2020ല്‍ പത്മശ്രീ നല്‍കി ആദരിച്ച ദേവി ഇന്ത്യൻ വനിത ലീഗിന്‍റെ ആദ്യ വനിത മാനേജറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വനിത ഫുട്ബോളിന്‍റെ പ്രചാരണത്തില്‍ സജീവമായ ബെബം ദേവി രണ്ട് തവണ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ മികച്ച വനിത ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.