"നഗരവത്കരണം പരിസ്ഥിതിയെ അമിതമായി ചൂഷണം ചെയ്യുന്നതിലേക്ക് നയിച്ചതിനാൽ ഗ്രാമവികസനം എന്ന ഗാന്ധിയൻ ആശയം പ്രാവർത്തികമാകേണ്ടതിന്‍റെ ആവശ്യകതയുണ്ട്."
മുതിർന്ന ഗാന്ധിയനും അഴിമതി വിരുദ്ധ പ്രവർത്തകനുമായ അണ്ണാ ഹസാരെ ഇടിവി ഭാരതിനോട് സംസാരിക്കുന്നു:
“രാഷ്ട്രത്തിന്‍റെ പുരോഗതിക്ക് ഗ്രാമവികസനം അനിവാര്യമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ, സ്വാതന്ത്ര്യാനന്തരം നമ്മൾ തെറ്റായ പാതയാണ് സ്വീകരിച്ചത്. ഗ്രാമങ്ങൾക്ക് പകരം നമ്മൾ നഗരങ്ങളിലേക്ക് നീങ്ങിയെന്ന് അണ്ണാ ഹസാരെ പറയുന്നു." അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ആളുകളെ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നത്. മാറി മാറി വരുന്ന സർക്കാരുകൾ ഗ്രാമങ്ങളേക്കാൾ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ വലിയ തെറ്റാണ് ചെയ്യുന്നത്. പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണത്തെ ശക്തമായി അപലപിച്ച അദ്ദേഹം, ഗ്രാമവികസനം എന്ന ഗാന്ധിയൻ ആശയം സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്ന് പറഞ്ഞു.
"നഗരവത്കരണം വർദ്ധിക്കുന്നത് പരിസ്ഥിതിയെ അമിതമായി ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്നു. പുനരുപയോഗിക്കാനാവാത്ത വിഭവങ്ങളുടെ അമിത ഉപഭോഗം നടക്കുന്നു. ഇത് മലിനീകരണത്തിനും രോഗങ്ങൾക്കും കാരണമാകുന്നു. ആഗോള താപനില ഉയരുകയാണ്, ലോകം മുഴുവൻ അങ്ങേയറ്റം ആശങ്കാകുലരാണെന്നും അണ്ണാ ഹസാരെ പറയുന്നു. ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിന് ഇന്നും വളരെയധികം പ്രാധാന്യമുണ്ടെന്ന് ശക്തമായി ആവർത്തിച്ച ഹസാരെ, സത്യവും അഹിംസയും വളരെ ശക്തമാണെന്നും പറഞ്ഞു. ഈ മൂല്യങ്ങളുടെ ശക്തി ലോകത്തിന് യഥാർഥത്തിൽ അനുഭവിക്കാൻ വെറും പരിശീലനം മാത്രം മതിയാകില്ല.
"ഗാന്ധിജിയുടെ പെരുമാറ്റം ശുദ്ധവും കളങ്കമില്ലാത്തതുമായിരുന്നു. സത്യാഗ്രഹികളും അത് പിന്തുടരണം. അവരുടെ സ്വഭാവവും പെരുമാറ്റവും ചിന്തകളും ശുദ്ധമായിരിക്കണം. അവർക്ക് സാമൂഹികവും ദേശീയവുമായ വീക്ഷണം ഉണ്ടായിരിക്കണം. ത്യാഗത്തിന്‍റെ അടിസ്ഥാനത്തിൽ ജീവിക്കുന്നവർക്ക് സത്യാഗ്രഹവും അഹിംസയും സ്വീകരിക്കാം. അല്ലാത്തവർക്ക് ഈ മൂല്യങ്ങൾ കൊണ്ട് പ്രയോജനം ഉണ്ടാവില്ല. അപമാനം സഹിക്കാനുള്ള ശക്തി ജനങ്ങൾക്ക് ഉണ്ടായിരിക്കണം. ഗാന്ധിജി ജീവിതത്തിൽ ഒരുപാട് അപമാനിതനായിട്ടുണ്ട്. അദ്ദേഹത്തെ ട്രെയിനിൽ നിന്ന് പുറത്താക്കി. പക്ഷേ അത് ഒരിക്കലും അദ്ദേഹത്തെ പ്രകോപിപ്പിച്ചില്ല," ഹസാരെ കൂട്ടിചേർത്തു.
"ഗാന്ധിയൻ ചിന്ത എല്ലാവരുടെയും ജീവിതത്തിലേക്ക് കടന്നുവരേണ്ടതായിരുന്നു, പക്ഷേ ഇന്ന് അത് അങ്ങനെയല്ല. കുടുംബങ്ങൾ അത്തരം മൂല്യങ്ങൾ വളർത്തുന്നില്ല. കുട്ടികളെ ഇത് ചെറുപ്പത്തിൽത്തന്നെ പഠിപ്പിക്കണം, പക്ഷേ അത് സംഭവിക്കുന്നില്ല. സ്കൂളുകൾക്കും കോളജുകൾക്ക് പോലും മൂല്യങ്ങളുടെ അഭാവമുണ്ട്. കുട്ടികൾക്ക് ഈ മൂല്യങ്ങളെക്കുറിച്ച് പുസ്‌തകജ്ഞാനം മാത്രമാണുള്ളത്. യഥാർത്ഥ ജീവിതത്തിൽ അവ എങ്ങനെ പരിശീലിപ്പിക്കണം എന്ന് അറിയില്ലെന്നും ഹസാരെ പറയുന്നു.