ന്യൂഡൽഹി: സമരം 26-ാം ദിവസത്തിലേക്ക് കടന്നപ്പോൾ നിരാഹാര സമരത്തിനൊരുങ്ങി കർഷകർ. ഡിസംബർ 25 മുതൽ ഡിസംബർ 27 വരെ ഹരിയാന ടോൾ പ്ലാസയിലെ സമരം ഒഴിവാക്കുമെന്നും കർഷകർ അറിയിച്ചു. ഇതിനിടെ കർഷകരെ അടുത്തഘട്ട ചർച്ചയ്‌ക്ക് കേന്ദ്രസർക്കാർ സ്വാഗതം ചെയ്‌തു. കർഷകർക്ക് അവരുടെ ആശങ്ക പ്രകടിപ്പിക്കാമെന്നും, പ്രക്ഷോഭം വേഗത്തിൽ അവസാനിപ്പിക്കാനായി അടുത്ത ചർച്ചയ്‌ക്ക് തിയതി നിശ്ചയിക്കാനും സർക്കാർ കർഷകരോട് ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി കേന്ദ്രം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അറിയിച്ച് കേന്ദ്ര കൃഷി മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി വിവേക് അഗർവാൾ കർഷക സംഘടനകൾക്ക് കത്തയച്ചു.
ഇതിന് മുമ്പ് നടത്തിയ അഞ്ച് ചർച്ചകളും പരാജയപ്പെട്ടിരുന്നു. പ്രതിഷേധം അവസാനിപ്പിക്കുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനും ന്യൂഡൽഹിയിലെ വിജാൻ ഭവനിൽ അടുത്ത യോഗം ചേരാനാണ് സർക്കാരിന്‍റെ തീരുമാനം. ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ഉടൻ സന്ദർശിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
കൂടുതൽ വായിക്കാൻ: കേന്ദ്ര കൃഷി മന്ത്രി കർഷകരെ സന്ദർശിക്കുമെന്ന് അമിത് ഷാ