ഇന്ത്യയുടെ ചരിത്രത്തിലെ ബുദ്ധരാക്ഷസന്‍മാരെന്ന് അറിയപ്പെടുന്ന കൗടില്യന്‍റെയും, ചാണക്യന്‍റെയും കഴിവുകളെ അസ്ഥാനത്താക്കുന്ന ചില തന്ത്രങ്ങള്‍ക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. മഹാരാഷ്‌ട്രയില്‍ അരങ്ങേറിയ രാഷ്‌ട്രീയ നാടകങ്ങളാണ് അതില്‍ ഏറ്റവും നല്ല ഉദാഹരണം.
രാഷ്‌ട്രീയവും ക്രിക്കറ്റും ഒരു പോലെയാണെന്നാണ് മഹാരാഷ്‌ട്രയില്‍ നിന്നുള്ള എംപിയും കേന്ദ്രമന്ത്രിയുമായി നിധിന്‍ ഘഡ്‌കരി പറഞ്ഞത്. അവസാനം എന്താകുമെന്ന് ആര്‍ക്കും പ്രതീക്ഷിക്കാനാകില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്തായാലും പറഞ്ഞത് സംഭവിച്ചു. മഹാരാഷ്‌ട്രയില്‍ എന്‍സിപി നേതാവ് അജിത് പവാറിനെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ബിജെപി സ്വപ്നം നാല് ദിവസത്തില്‍ അവസാനിച്ചു.
സംഭവബഹുലമായിരുന്നു ആ ദിവസങ്ങള്‍. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് 30 വര്‍ഷം നീണ്ട ബിജെപി ബന്ധം അവസാനിപ്പിച്ചിറങ്ങിയ ശിവസേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചു. തട്ടിയും തടഞ്ഞും നീങ്ങിയ സഖ്യ ചര്‍ച്ചകളോട് ബിജെപി ആദ്യം മൗനം പാലിച്ചു. ഒരിക്കലും യാഥാര്‍ഥ്യമാകാത്ത സഖ്യമാണെന്ന് ബിജെപി പ്രതീക്ഷിച്ചു.
എന്നാല്‍ നവംബര്‍ 22ന് ചിത്രം അടിമുടി മാറി. 23 ന് മഹാസഖ്യത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്ന വാര്‍ത്ത പുറത്തുവന്നു. സന്തോഷമായി ഉറങ്ങിയ ബിജെപിയുടെ എതിരാളികള്‍ പിറ്റേന്ന് ഞെട്ടി ഉണരുകയായിരുന്നു. രാവിലെ എട്ട് മണിക്ക് മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്‌തു. എന്‍സിപിയുടെ നിയസഭാ കക്ഷി നേതാവായിരുന്ന അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി. വെളുപ്പിനെ ആറ് മണിക്ക് സംസ്ഥാനത്തെ രാഷ്‌ട്രപതി ഭരണം അവസാനിപ്പിച്ച ബിജെപി കേന്ദ്ര നേതൃത്വം "ഓപ്പറേഷന്‍ ആകര്‍ഷ്" എന്ന് പേരിട്ട പദ്ധതി നടപ്പാക്കി. രാജ്യം കണ്ട എറ്റവും വലിയ രാഷ്‌ട്രീയ നീക്കമായ മഹാരാഷ്‌ട്ര സംഭവം വിലയിരുത്തപ്പെട്ടു. പദ്ധതിക്ക് രൂപം നല്‍കിയ ബിജെപി കേന്ദ്ര നേതൃത്തെ ചാണക്യന്‍മാരെന്ന് രാജ്യം വിശേഷിപ്പിച്ചു.
എന്നാല്‍ ആ അത്‌ഭുത സര്‍ക്കാരിന് നാല് ദിവസം മാത്രമായിരുന്നു ആയുസുണ്ടായിരുന്നത്. അജിത് പവാറിന്‍റെ കളംമാറല്‍ എന്‍സിപിയെ പിളര്‍ത്തുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് തെറ്റിപ്പോയി കാര്യമായി ഒന്നും സംഭവിച്ചില്ല. ഒടുവില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ ഫഡ്‌നാവിസും, അജിത് പവാറും രാജിവച്ചു. പിന്നാലെ മഹാ വികാസ് അഘാടി എന്ന ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറി. ഉദ്ദവ് താക്കറേ മഹാരാഷ്‌ട്രയുടെ 18 മത് മുഖ്യമന്ത്രിയായി. ഇനിയും ഒന്നും അവസാനിച്ചിട്ടെന്നതാണ് യാഥാര്‍ഥ്യം ഏപ്പോള്‍ വേണമെങ്കിലും സാഹചര്യങ്ങള്‍ കീഴ്‌മേല്‍ മറിയാം. സമീപകാല ചരിത്രങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. കാരണം ന്യൂജെന്‍ രാഷ്‌ട്രീയ ചാണക്യന്‍മാര്‍ രാജ്യത്ത് ഒരുപാടുണ്ടല്ലോ.
എതിര്‍ പാര്‍ട്ടികളെ പിളര്‍ത്തി സര്‍ക്കാരുണ്ടാക്കാനുള്ള ബിജെപി ശ്രമം വലിയ വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിരുന്നു. 1996 ല്‍ 13 ദിവസത്തെ ഭരണത്തിന് ശേഷം പ്രധാനമന്ത്രി സ്ഥാനം രാജിവച്ച എ.ബി വാജ്‌പേയ് അന്ന് പറഞ്ഞ ന്യായം പ്രതിപക്ഷത്തെ പിളര്‍ത്തി സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ബിജെപിക്ക് താല്‍പര്യം ഇല്ലെന്നാണ്. അതേ പാര്‍ട്ടിയാണ് ഇന്ന് പുതിയ രീതികള്‍ പ്രാവര്‍ത്തികമാക്കുന്നത്. ഏതു വിധേനയും അധികാരം നേടാന്‍ ശ്രമിക്കുന്ന ഇന്നത്തെ രാഷ്‌ട്രീയത്തില്‍ രാഷ്‌ട്രീയ മര്യാദകള്‍ക്ക് വലിയ പ്രസക്‌തിയില്ലെന്നതാണ് യാഥാര്‍ഥ്യം.
105 സീറ്റുകള്‍ നേടിയ ബിജെപിയും, 56 സീറ്റുകള്‍ നേടിയ ശിവസേനയും ഒന്നിച്ചുള്ള എന്‍ഡിഎ സഖ്യത്തിനാണ് ഇത്തവണയും സംസ്ഥാനം ഭരിക്കാന്‍ അവകാശമുണ്ടായിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തിയതോടെ സഖ്യം പൊളിഞ്ഞു. പിന്നാലെ എന്‍സിപിയുമായും കോണ്‍ഗ്രസുമായും സഖ്യം ചേരാന്‍ സേന തീരുമാനിച്ചു. ഫലത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പാര്‍ട്ടി പ്രതിപക്ഷത്തായി. സമാന സാഹചര്യമാണ് ഗോവയിലും മണിപ്പൂരിലും സംഭവിച്ചത്.
അഴിമതി പാര്‍ട്ടി എന്ന് ബിജെപി വിമര്‍ശിച്ച എന്‍സിപിയുടെ നേതാവിനെ ബിജെപി ഒപ്പം കൂട്ടിയത്. സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ കാര്യം വന്നപ്പോള്‍ അഴിമതിക്കും പഴയ ശത്രുതയ്‌ക്കും പ്രസക്‌തിയില്ലാതെയായി. താമര പാര്‍ട്ടിക്കൊപ്പം കൂടിയതിന് പിന്നാലെ അജിത് പവാറിനെതിരെയുള്ള അഴിമതി കേസുകളുടെ അന്വേഷണവും കേന്ദ്രം അവസാനിപ്പിച്ചു. രാഷ്‌ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ അസാമാന്യ കഴിവുള്ള നേതൃത്വമുള്ള ബിജെപിയില്‍ നിന്ന് എന്തും പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ് ഇന്നുള്ളത്.
സര്‍ക്കാര്‍ രൂപീകരണം പാളിയിട്ടും ബിജെപിയുടെ പ്രസ്‌താവനകള്‍ കൗതുകമുണര്‍ത്തുന്നതാണ്. ഭൂരിപക്ഷത്തിനും അധികാരത്തിനും വേണ്ടി എംഎൽഎമാരെ കുതിരക്കച്ചവടം നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഫഡ്‌നാവിസ് പ്രസ്‌താവനയിറക്കിയത്. അതേസമയം അജിത് പവാറിനെ ഒപ്പം കൂട്ടിയതെന്തിനാണെന്നും, എങ്ങനെയാണെന്നുമുള്ള ചോദ്യം അവശേഷിക്കുന്നു. എല്ലാ കളിയും കളിച്ചിട്ടും ഒടുവില്‍ നിരാശപ്പെടാനാണ് ബിജെപിയുടെ വിധി എന്നതാണ് യാഥാര്‍ഥ്യം.