ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തായ്‌ലന്‍റ് വിദേശകാര്യ മന്ത്രി ഡോൺ പ്രമുദ്വിനായ് ഇന്ത്യയിലെത്തി. രാവിലെ പത്ത് മണിക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും തായ്‌ലന്‍റും തമ്മിലുള്ള എട്ടാമത്തെ സംയുക്ത കമ്മീഷൻ യോഗത്തിലും (ജെസിഎം) അദ്ദേഹം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ കരാറുകളിലും ഒപ്പുവെയ്ക്കും.
മൈത്രി എന്ന പേരില്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച സംയുക്ത സൈനികാഭ്യാസ പരിപാടിയില്‍ ഇന്ത്യയിലെയും തായ്‌ലന്‍റിലെയും സൈനികര്‍ പങ്കെടുത്തിരുന്നു. വനമേഖലയിലും നഗര സാഹചര്യങ്ങളിലും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ സൈനികരെ പരിശീലിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.