അദിലാബാദ്; രാജ്യം പുരോഗതിയുടെ പാതയിലാണെങ്കിലും വികസനം കടന്നുചെല്ലാത്ത നിരവധിയിടങ്ങളുണ്ട്. അതിന് ഉദാഹരണമാണ് തെലങ്കാനയിലെ അദിലാബാദ് ജില്ല. ഇവിടുത്തെ ആദിവാസി ഗോത്രസമൂഹ മേഖലയിലെ കുട്ടികൾ പൊയ്ക്കാൽ ഉപയോഗിച്ചാണ് സ്കൂളുകളിൽ പോകുന്നത്. ഇത് ഇവരുടെ വിനോദമാണെന്ന് കരുതിയെങ്കിൽ തെറ്റി. സുരക്ഷിതമായി സ്കൂളിൽ പോകാൻ ഇവർക്ക് മറ്റ് മാർഗങ്ങളില്ല.
മഴക്കാലമായാൽ റോഡ് നിറയെ ചളികൊണ്ട് മൂടും. റോഡിൽ വെളളക്കെട്ടുകൾ രൂപം കൊളളും. കാൽനടയാത്ര ദുസ്സഹമാകും. ചളിയിൽ നടന്ന് രോഗങ്ങൾ പിടിപെടും. ഇതിൽ നിന്ന് രക്ഷനേടുന്നതിനാണ് മാതാപിതാക്കൾ കുട്ടികളെ ചെറുപ്പത്തിൽ തന്നെ പൊയ്ക്കാൽ ഉപയോഗിച്ച് നടക്കാൻ പഠിപ്പിക്കുന്നത്. മുളകൾ കൊണ്ടുള്ള വടികളാണ് ഇത്. നടക്കാൻ പാകത്തിന് വടിയുടെ പകുതിയിൽ പ്രത്യേക രീതിയിൽ മറ്റൊരു മരക്കഷ്ണം കൂട്ടിയോജിപ്പിക്കും. ഇതിൽ കയറി നിന്നാണ് നടത്തം. ചിലയിടങ്ങളിൽ മുളവടിക്ക് പകരം ലോഹദണ്ഡും ഉപയോഗിക്കുന്നുണ്ട്. പട്ടണത്തിൽ ഉള്ളവർക്ക് ബൈക്കുകൾ ഉണ്ട്. ഈ പൊയ്ക്കാലാണ് തങ്ങളുടെ ബൈക്കെന്ന് ഗ്രാമവാസിയായ പെണ്ടുരു മാരുതി പറയുന്നു.
കാട്ടിൽപോയി മുളകൾ വെട്ടിയാണ് പൊയ്ക്കാൽ ഉണ്ടാക്കുന്നത്. പീന്നീട് ഈ പൊയ്ക്കാലുകൽ സൂക്ഷിച്ചുവെക്കും. അടുത്ത വർഷം ഉത്സവം വരുന്നതുവരെ ആരെയും ഈ പൊയ്ക്കാലുകൾ തൊടാൻ പോലും അനുവദിക്കില്ല. ഇവ ശ്രദ്ധയോടെ സൂക്ഷിച്ചുവെക്കും. അതാണ് ആചാരം. കുതിര എന്നർത്ഥം വരുന്ന ' കോഡ ' എന്ന പേരിലാണ് ഈ പൊയ്ക്കാലുകൾ അറിയപ്പെടുന്നത്. ഈ ആചാരമാണ് ഇവർക്കിപ്പോൾ തുണയായത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിൽ ഇവർക്ക് അരോടും പരാതിയോ പരിഭവമോ ഇല്ല. പകരം തങ്ങളുടെ മതപരമായ ആചാരം കുട്ടികളിലേക്ക് പകരുന്നതിന്‍റെ സന്തോഷമാണ് ഇവരുടെ മുഖങ്ങളിൽ കാണാൻ കഴിയുന്നത്.