ശ്രീനഗർ: കശ്മീരിലെ കുൽഗാം ജില്ലയിൽ മൂന്ന് ബിജെപി പ്രവർത്തകരെ തീവ്രവാദികൾ വെടിവച്ചു കൊന്നു. കുൽഗാം ജില്ലയിലെ വൈ കെ പോറ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. ഫിദ ഹുസൈൻ ഇറ്റൂ, ഉമർ ഹജാം, ഉമർ റാഷിദ് ബീഗ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും കുൽഗാം നിവാസികളാണ്. യുവ മോർച്ച കുൽഗാം യൂണിറ്റിന്‍റെ ജനറൽ സെക്രട്ടറിയായിരുന്നു ഫിദ ഹുസൈൻ ഇറ്റൂ. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി കാസിഗണ്ട് എമർജൻസി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അസിമ നസീർ പറഞ്ഞു.
കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ലഷ്‌കർ-ഇ-ത്വയ്‌ബയുടെ ഷാഡോ ഗ്രൂപ്പായ ടിആർഎഫ് ഏറ്റെടുത്തു. കൊലപാതകം ക്രൂരമാണെന്ന് ബിജെപി വക്താവ് അൽതാഫ് താക്കൂർ പറഞ്ഞു. കൊലപാതകികളെ കണ്ടെത്തി പരാമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. ജൂൺ മുതൽ തീവ്രവാദികൾ ബിജെപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ശക്തമാക്കി. ജൂലൈയിൽ ബന്ദിപോരയിൽ നടന്ന സമാനമായ ആക്രമണത്തിൽ ഒരു ബിജെപി നേതാവും പിതാവും സഹോദരനും കൊല്ലപ്പെട്ടിരുന്നു.