ശ്രീനഗര്‍: ജമ്മുകശ്മീരിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പാകിസ്ഥാനും ഭീകരരും ദുരുപയോഗം ചെയ്യുന്നെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. രാജ്യത്തിനെതിരായ ആയുധം എന്ന നിലക്കാണ് തീവ്രവാദികള്‍ മൊബൈല്‍ സേവനങ്ങളെയും ഇന്‍റര്‍നെറ്റിനെയും കാണുന്നത്. ഈ സാഹചര്യത്തിലാണ് കശ്മീരില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്. ഹന്ദ്വാര, കുപ്വാര മേഖലകളില്‍ മൊബൈല്‍ സേവനം പുനസ്ഥാപിച്ചു കഴിഞ്ഞു. മറ്റിടങ്ങളിലും സേവനങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കുമെന്നും സത്യപാല്‍ മാലിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കശ്മീരിലെ എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്നാണ്. കശ്മീരില്‍ സമാധാനത്തിനും നിയമവാഴ്ച ഉറപ്പ് വരുത്താനുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ഒരു ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങളില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുക മാത്രമാണ് ഉണ്ടായത്. കശ്മീരി യുവാക്കള്‍ക്കായി അമ്പതിനായിരത്തോളം ഒഴിവുകള്‍ സൃഷ്ടിക്കും. ഈ അവസരം യുവാക്കള്‍ വിനിയോഗിക്കണം. മേഖലയിലെ ടൂറിസം രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങളുണ്ടാകാനും സാഹചര്യമുണ്ട്. കശ്മീരിന്‍റെ സംസ്കാരവും പ്രത്യേകതകളും സംരക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു.