ലഖ്‌നൗ: മാധ്യമപ്രവർത്തകൻ വിക്രം ജോഷി കൊലപാതകക്കേസിൽ അവശേഷിക്കുന്ന പ്രതിയെയും അറസ്റ്റ് ചെയ്തതായി ഗാസിയാബാദ് പൊലീസ്. ജൂലൈ 20ന് രാത്രിയിൽ വിജയ് നഗറിർ മാതാ കോളനിയിലെ വീടിനടുത്ത് വെച്ചാണ് ജോഷിക്ക് (35) തലയ്ക്ക് വെടിയേറ്റത്. തന്‍റെ പെൺമക്കളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ജോഷിക്ക് വെടിയേറ്റത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോഷി ജൂലൈ 22ന് മരിക്കുകയായിരുന്നെന്ന് ഗാസിയാബാദിലെ സീനിയർ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു.
സംഭവത്തിന് തൊട്ടുപിന്നാലെ ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ആകാശ് ബിഹാരി എന്ന പ്രതി ഒളിവിൽ പോവുകയായിരുന്നു, തുടർന്ന് പ്രതിയുടെ തലക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ബുധനാഴ്ച പുലർച്ചെ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തതുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
മരുമകളെ ഉപദ്രവിച്ചുവെന്നാരോപിച്ച് ഗുണ്ടകൾക്കെതിരെ ജോഷി നൽകിയ പരാതികളിൽ ലോക്കൽ പൊലീസ് നടപടിയെടുത്തിരുന്നില്ലെന്ന് ജോഷിയുടെ കുടുംബം ആരോപിച്ചിരുന്നു. മരുമകളെ ഉപദ്രവിച്ചുവെന്നാരോപിച്ച് ജൂലൈ 16 ന് ജോഷിയും പ്രതികളുമായി വാക്കേറ്റം ഉണ്ടായിരുന്നു. അന്ന് പ്രതികളിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
മാധ്യമപ്രവർത്തകന് വെടിയേറ്റ പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ഇൻചാർജിനെ ഗാസിയാബാദ് പൊലീസ് സസ്പെൻഡ് ചെയ്ത് കേസിന്‍റെ അന്വേഷണം വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് കോട്‌വാലി നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.