ന്യൂഡൽഹി: കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ആശങ്കയായി പത്ത് സംസ്ഥാനങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിൽ 78 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ 776 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ 70, കർണാടകയിൽ 59, ഉത്തർപ്രദേശിൽ 58, പശ്ചിമ ബംഗാളിൽ 56, പഞ്ചാബിൽ 46, ആന്ധ്രാപ്രദേശിൽ 37, ഡൽഹിയിൽ 37, മധ്യപ്രദേശില്‍ 35, ഛത്തീസ്ഗഡിൽ 29 എന്നിങ്ങനെയാണ് പത്ത് സംസ്ഥാനങ്ങളിലെ കൊവിഡ് മരണങ്ങളുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 70,589 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കൊവിഡ് കേസുകളിൽ 73 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്ര (11,921), കർണാടക (6892), തമിഴ്‌നാട് (5589), ആന്ധ്രാപ്രദേശ് (5487), കേരളം (4538), ഉത്തർപ്രദേശ് (3790), ഛത്തീസ്ഗഡ് (3725), അസം (3644), ഒഡീഷ (3235), പശ്ചിമ ബംഗാൾ (3155) എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.
ചൊവ്വാഴ്ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് മുക്തിനിരക്ക് 83 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 84,877 പേരാണ് ഇന്ത്യയിൽ രോഗമുക്തരായത്. രോഗമുക്തിയിൽ 73 ശതമാനവും മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഡൽഹി, ഒഡീഷ, കേരളം, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.