ഹൈദരാബാദ്: തെലങ്കാനയിലെ കൊവിഡ് -19 വീണ്ടെടുക്കൽ നിരക്ക് തിങ്കളാഴ്ച 92 ശതമാനത്തിലധികമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,456 രോഗികൾ കൂടി കൊവിഡ് മുക്തരായി. കൊവിഡ് മുക്തരുടെ നിരക്ക് ദേശീയ ശരാശരി 91.6 ശതമാനത്തിൽ നിന്ന് 92.12 ശതമാനമായി ഉയർന്നു. സംസ്ഥാനത്തെ പരിശോധനയിലെ കുറവ് കാരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കേസുകളേക്കാൾ കൂടുതൽ കൊവിഡ് മുക്തരായവരാണ്. അതായത് 25,643 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. അതിൽ 922 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 2,40,970 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പേർ കൂടി കൊവിഡ് മൂലം മരണപ്പെട്ടു. അതോടെ ആകെ മരണസംഖ്യ 1,348 ആയി ഉയർന്നു.
പബ്ലിക് ഹെൽത്ത് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 43,49,309 ആണ്. 2,40,970 പോസിറ്റീവ് കേസുകളിൽ 70 ശതമാനവും (1,68,679) ലക്ഷണങ്ങളില്ലാത്തതും 30 ശതമാനം (72,291) ലക്ഷണങ്ങളുള്ളതുമാണ്. കൊവിഡ് ബാധിതരില്‍ 63.9 ശതമാനം പേരും 21-50 വയസ്സിനിടയിലുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 22.91 ശതമാനം പേർ 51 വയസ്സിനു മുകളിൽ പ്രായമുള്ളവരുമാണ്. പോസിറ്റീവ് കേസുകളിൽ 13.18 ശതമാനം പേർ 20 വയസ്സിന് താഴെയുള്ളവരാണ്.