ഹൈദരാബാദ്: തെലങ്കാനയിൽ ലോക്ക് ഡൗൺ കാലയളവിൽ 204 ബാലവിവാഹങ്ങൾ നടന്നുവെന്ന് ബാലാവകാശ കമ്മിഷൻ. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കലക്‌ടർമാർക്കും മജിസ്ട്രേറ്റുമാര്‍ക്കും നിർദേശം നൽകിയെന്ന് ബാലാവകാശ കമ്മിഷൻ അറിയിച്ചു. 2006ലെ ബാലവിവാഹ നിരോധന നിയമത്തെപ്പറ്റി ജനങ്ങളെ ബോധവത്‌കരിക്കണമെന്നും നിർദേശമുണ്ട്.
മാർച്ച് 24 മുതൽ മെയ് 31 വരെ 204 ബാലവിവാഹങ്ങൾ നടന്നുവെന്ന് ചൈൽഡ് ലൈനാണ് ബാലാവകാശ കമ്മിഷന് റിപ്പോർട്ട് നൽകിയത്. ബാല വിവാഹങ്ങളിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ബാലവിവാഹം പെൺകുട്ടികളുടെ ആരോഗ്യത്തെയും വിദ്യഭ്യാസത്തെയും കാര്യമായി ബാധിക്കുമെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.