ഹൈദരബാദ്: സ്ഫോടക വസ്തുക്കളുമായി രണ്ടു പേരെ തെലങ്കാന കീസറയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. 8900കിലോയോളം സ്ഫോടക വസ്തുക്കളും 376 ബൂസ്റ്ററുകളും 165 ഇലക്ട്രിക് ഇതര ഡിറ്റോണറ്ററുകളും അടങ്ങിയ രണ്ട് വാഹനങ്ങളാണ് കീസറ പൊലീസും സ്പെഷ്യല്‍ ഓപ്പറേഷന്‍ സംഘവും ശനിയാഴ്ച രാത്രി പിടിച്ചെടുത്തത്.
പൊലീസ് പറഞ്ഞതു പ്രകാരം ഒക്ടോബര്‍ 12ന് രാത്രി ഏഴ് മണിയോടെ സ്ഫോടക വസ്തുക്കളുമായി ഡ്രൈവര്‍ വെങ്കിടേശം ബോമ്മലാരാമത്തു നിന്നും കീസറയിലേക്കു തിരിക്കുകയും അവിടെ വച്ച് ശ്രാവണ്‍ റെഡ്ഡി എന്നയാളുടെ നിര്‍ദേശ പ്രകാരം കീസറയിലെ വാനിഗുഡെമിലെ ഹര്‍ഷ കല്ല് ഫാക്ടറിയില്‍ സ്ഫോടക വസ്തുക്കള്‍ ഇറക്കുകയായിരുന്നു. വിവരം ലഭിച്ച ഇസ്പെക്ടര്‍ നരേന്ദര്‍ ഗൗഡ്, നവീന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം റെയ്ഡ് നടത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.