ഹൈദരാബാദ്: വിമാനത്തില്‍ മോശമായി പെരുമാറിയെന്നും ഇറങ്ങാന്‍ വിസമ്മതിച്ചെന്നും ആരോപിച്ച് സ്വീഡിഷ് പൗരനെ അറസ്റ്റ് ചെയ്തു. വെറ്റര്‍സ്റ്റഡ് സെഗര്‍ എന്നയാളാണ് അറസ്റ്റിലായത്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം.
വിമാനം ഹൈദരാബാദിലെത്തി മറ്റ് യാത്രക്കാരെല്ലാം ഇറങ്ങിയതിന് ശേഷവും സെഗര്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ട ക്രൂ അംഗങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഒസ്‌മാനിയ ആശുപത്രിയിലെത്തിച്ച സമയത്ത് ഇയാള്‍ വസ്ത്രങ്ങളഴിച്ച് വിഭ്രാന്തിയുള്ളതുപോലെ പെരുമാറുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ നിന്ന് വ്യക്തമായി. കൂടുതല്‍ ചികിത്സക്കായി പ്രതിയെ ഹൈദരാബാദിലെ എറഗദ്ദയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചു.