മുംബൈ: ലോക് ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിൽ കുടുങ്ങിയ തെലങ്കാന വിദ്യാർഥികൾ ഇപ്പോൾ നന്ദേദ് ജില്ലയിൽ യോഗ പഠിക്കുകയാണ്. രണ്ട് കാർഷിക കോളജുകളിൽ നിന്നായി 29 വിദ്യാർഥികളാണ് യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉള്ളത്. ലോക് ഡൗൺ ആരംഭിച്ചതോടെ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാനാണ് ഇവർ തീരുമാനിച്ചിരുന്നത്. 60 കീലോമീറ്റർ നടന്ന് നന്ദേദിലെത്തി. തുടർന്ന് ജില്ലാ ഭരണ കൂടം ഇവർക്ക് 14 ദിവസം താമസിക്കാൻ സ്ഥലം ഒരുക്കി നൽകി. കൂടാതെ വിദഗ്ധരുടെ സഹായത്തോടെ യോഗ പഠിക്കാനുള്ള സൗകര്യങ്ങളും ഏർപ്പാടാക്കി.
'ക്യാമ്പിന് സമാനമായ ജീവിതമാണ് വിദ്യാർഥികൾ ഇവിടെ അനുഭവിക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് അവർ യോഗ പരിശീലിക്കും. അതാത് സമയത്ത് ഞങ്ങൾ ഭക്ഷണം എത്തിച്ച് നൽകും. ഇൻസ്റ്റിറ്റ്യൂട്ടിലെ ടെലിവിഷനും ഇന്‍റർനെറ്റും വഴി ഇവർ ലോകവുമായി ബന്ധപ്പെടുന്നു'.തഹസിൽദാർ അരവിന്ദ് ബോലാഞ്ച് പറഞ്ഞു.