ഹൈദരാബാദ്: ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും അന്തിമ പരീക്ഷയില്ലാതെ അടുത്ത ക്ലാസിലേക്ക് പ്രമോഷൻ നല്‍കണമെന്ന് ഉത്തരവിറക്കി തെലങ്കാന സർക്കാർ. 2019-20 അധ്യയന വർഷത്തേക്കുള്ള സംഗ്രഹ വിലയിരുത്തൽ (എസ്എ -2) പരീക്ഷകൾ ലോക്ക്ഡൗൺ കാരണം നടത്താൻ കഴിയാത്തതിനാൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും അടുത്ത ക്ലാസിലേക്ക് കയറ്റി വിടാമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം.
കൊവിഡ് മഹാമാരി മൂലമുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള സംഗ്രഹ വിലയിരുത്തൽ പരീക്ഷകൾ റദ്ദാക്കാനും, 2019-20 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും അടുത്ത് ക്ലാസിലെക്ക് ഉയർത്താനും ഉത്തരവിൽ പറയുന്നു.
സംസ്ഥാന ബോർഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ് അന്താരാഷ്ട്ര ബോർഡുകൾ എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വകാര്യ അൺഎയ്ഡഡ് അംഗീകൃത സ്കൂളുകൾ 2020-21 അധ്യയന വർഷത്തിൽ ഒരു തരത്തിലുള്ള ഫീസുകളും വർദ്ധിപ്പിക്കരുതെന്നും പ്രതിമാസ അടിസ്ഥാനത്തിൽ ട്യൂഷൻ ഫീസ് മാത്രം ഈടാക്കാമെന്നും കാണിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.