ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന്‍റെ കൃഷ്‌ണ നദിയിലെ പുതിയ ജലസേചന പദ്ധതിക്കെതിരെ പ്രതിഷേധവുമായി തെലങ്കാന സർക്കാർ. പുതിയ ജലസേചന പദ്ധതി ആരംഭിക്കാൻ ആന്ധ്രാപ്രദേശ് ഏകപക്ഷീയമായി തീരുമാനിക്കുന്നതിനെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എതിർത്തു. രണ്ട് അയൽവാസികളും സംയുക്തമായി ഏറ്റെടുത്ത ശ്രീശൈലം പദ്ധതിയിൽ നിന്ന് കൃഷ്ണ നദിയിലെ വെള്ളം മൂന്ന് ടിഎംസി വരെ ഉയർത്താനാണ് ആന്ധ്രയുടെ തീരുമാനം. ഇത് രണ്ട് സംസ്ഥാനങ്ങൾക്കും ഇടയിലുള്ള കരാറിനെ ലംഘിച്ചതായും ആന്ധ്രാപ്രദേശിന്‍റെ പുതിയ നടപടിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും കെ. ചന്ദ്രശേഖർ റാവു അറിയിച്ചു.വിഷയത്തിൽ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് റാവു ഇക്കാര്യം വ്യക്തമാക്കിയത്.
ആന്ധ്രാപ്രദേശ് കൃഷ്ണ നദിയിൽ ആരംഭിക്കുന്ന പുതിയ പദ്ധതി, നൽഗൊണ്ട, മഹബൂബ് നഗർ, രംഗ റെഡ്ഡി എന്നീ ജില്ലകളിൽ കുടിവെള്ള ലഭ്യതക്കും കാർഷിക പ്രവർത്തനങ്ങളെയും ബാധിക്കും. രണ്ട് സംസ്ഥാനങ്ങളുടെ സംയുക്ത സംരംഭമായ ശ്രീശൈലം പദ്ധതിയിൽ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള തീരുമാനം തെലങ്കാനയുമായി ആലോചിക്കാതെയാണ് ആന്ധ്ര ഗവൺമെന്‍റ് സ്വീകരിച്ചിരിക്കുന്നതെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പരമോന്നത സമിതിയുടെ അംഗീകാരമില്ലാതെയാണ് പുതിയ പദ്ധതി രൂപീകരിച്ചതെന്നും റാവു പറയുന്നു. ആന്ധ്രാ സർക്കാരിന്‍റെ പുതിയ ജലസേചന പദ്ധതിയെ കുറിച്ച് കൃഷ്ണ വാട്ടർ മാനേജ്‌മെന്‍റ് ബോർഡിന് പരാതി നൽകണമെന്ന് ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.