തെലങ്കാന: തെലങ്കാന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനം സെപ്തംബര്‍ ഏഴ് മുതല്‍ ചേരും. പ്രഗതി ഭവനില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. 15 പ്രവൃത്തി ദിവസങ്ങളുള്‍പ്പടെ 20 ദിവസമാണ് സഭാ സമ്മേളനം ചേരുക. സുപ്രധാന വിഷയങ്ങളില്‍ സമഗ്രമായ ചര്‍ച്ചയാവും ഈ ദിവസങ്ങളില്‍ നടക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധ ബില്ലുകളും പ്രമേയങ്ങളും നയതീരുമാനങ്ങളും സഭയില്‍ അവതരിപ്പിക്കുമെന്നും ഇതിനായി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും തയ്യാറാവാനും റാവു ആവശ്യപ്പെട്ടു.
നിലവിലെ കൊവിഡ്-19 ചട്ടങ്ങള്‍ പാലിച്ചാവും സഭാസമ്മേളനം ചേരുക. മാത്രമല്ല സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മുഖ്യമന്ത്രി നിയമസഭാ കാര്യമന്ത്രി പ്രശാന്ത് റെഡ്ഡിക്കും തെലങ്കാന നിയമസഭാ സെക്രട്ടറി വി.നരസിംഹ ചാരിലുത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഹൈദരാബാദിലും സമീപപ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. അതിനാല്‍ തന്നെ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ചന്ദ്രശേഖര്‍ റാവു നിര്‍ദേശം നല്‍കി.