ഹൈദരാബാദ്: ദീപാവലി ആഘോഷങ്ങളിൽ പടക്കം നിരോധിക്കണമെന്ന് തെലങ്കാന സർക്കാരിന് ഹൈക്കോടതി നിർദേശം. കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് പടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ആർ.എസ് ചൗഹാനും ജസ്റ്റിസ് വിജയ് സെൻ റെഡ്ഡിയുമടങ്ങുന്ന ബെഞ്ചാണ് അഭിഭാഷകൻ ഇന്ദ്രപ്രകാശ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചത്.
പടക്കമുപയോഗിച്ച് ആഘോഷങ്ങൾ നടത്തുമ്പോൾ മലിനീകരണം ഉണ്ടാകുമെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബലപ്പെടാൻ ഇത് കാരണമാണെന്നും ഹർജിയിൽ പറയുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തിൽ രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വൈറസ് വ്യാപനം അധികരിക്കാൻ ആഘോഷങ്ങൾ ഇടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലും പടക്കം നിരോധിക്കണമെന്ന് അതത് സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതിയും നിരവധി ഹൈക്കോടതികളും ഇതിനോടകം ആവശ്യപ്പെടിരുന്നു.