ഹൈദരാബാദ്: കൊവിഡ് മുക്തനായി ജോലിയിൽ തിരികെ പ്രവേശിച്ച അസിസ്റ്റന്‍റ് എഞ്ചിനീയറായ ധാരവത് സുന്ദർ നായിക്കും അപകടത്തിൽ കൊല്ലപ്പെട്ടു. ധാരവത് സുന്ദർ നായിക് ജോലിയിൽ തിരികെ പ്രവേശിച്ചതിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് അപകടം ഉണ്ടായത്. ശ്രീശൈലം ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടിത്തത്തിൽ നായിക് അടക്കം ഒമ്പത് പേരാണ് മരിച്ചത്.
തെലങ്കാനയിലെ സൂര്യപേട്ട സ്വദേശിയായ 32കാരൻ ധാരവത് സുന്ദര്‍ നായിക് രാത്രി ഒൻപത് മണിക്കാണ് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്‌തത്. മണിക്കൂറുകൾക്ക് ശേഷം ഷോർട്ട് സർക്യൂട്ട് മൂലം പാനൽ ബോർഡിന് തീപിടിക്കുകയും തുടർന്ന് ഒമ്പത് പേരും കുടുങ്ങുകയുമായിരുന്നു. കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ച നായിക് സൂര്യപേട്ടിലെ വീട്ടിൽ ഹോം ഐസൊലേഷനിൽ ആയിരുന്നു. കൊവിഡിൽ നിന്ന് പൂർണമുക്തമായതിന് ശേഷമാണ് ശ്രീശൈലത്തേക്ക് വന്നതെന്നും ടി.എസ് ജെൻകോ ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബത്തോടൊപ്പം നായിക് താമസിച്ചിരുന്നതെന്നും കുടുംബാംഗം പറഞ്ഞു. അഞ്ച് വർഷം മുമ്പാണ് നായിക് അസിസ്റ്റന്‍റ് എഞ്ചിനീയറായി ടി.എസ് ജെൻകോയിൽ ജോലിയിൽ പ്രവേശിച്ചത്. ബി.ടെക് പൂർത്തിയാക്കിയ ഉടനെ നായിക്കിന് ജോലി ലഭിക്കുകയായിരുന്നു. നായിക്കിന് ഭാര്യയും രണ്ട് പെൺമക്കളുമാണ് ഉള്ളത്. മാതാപിതാക്കൾ സൂര്യപേട്ടിലെ വീട്ടിലാണ് താമസിക്കുന്നത്.