ഹൈദരാബാദ്: സംസ്ഥാനത്ത് നടപ്പാക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു വിലയിരുത്തി. ജില്ലകളിലെ സ്ഥിതിഗതികൾ, കണ്ടെയിൻമെന്‍റ് സോണുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച ചെയ്‌തു. കേന്ദ്രം പുറപ്പെടുവിച്ച് ലോക്ക് ഡൗൺ മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ചും സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്‌തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആരോഗ്യമന്ത്രി എട്ടേല രാജേന്ദർ, ചീഫ് സെക്രട്ടറി സോമേഷ് കുമാർ, ഡിജിപി മഹേന്ദർ റെഡ്ഡി, പ്രിൻസിപ്പൽ സെക്രട്ടറിമാരായ എസ്.നർസിങ് റാവു, ശാന്ത കുമാരി, ജനാർദ്ദൻ റെഡ്ഡി, രാമകൃഷ്‌ണ റാവു തുടങ്ങിയവർ മുഖ്യമന്ത്രിയുമായുള്ള അവലോകന യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധിക്കാനായി വേണ്ട ഉചിതമായ നടപടികൾ അടിയന്തരമായി തന്നെ സ്വീകരിക്കണമെന്ന് ചന്ദ്രശേഖര്‍ റാവു നിര്‍ദേശിച്ചു. ലോക്ക് ഡൗൺ നിര്‍ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
തെലങ്കാനയിൽ 21 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,082 ആയി ഉയർന്നു. നിലവില്‍ 508 പേരാണ് ചികിത്സയിലുള്ളത്.