ഹൈദരാബാദ്: ആറ് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി തെലങ്കാന മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ഇതോടെ കാബിനറ്റില്‍ മന്തിമാരുടെ എണ്ണം 18 ആയി. പ്രതീക്ഷിച്ചത് പോലെ ചന്ദ്രശേഖര റാവുവിന്‍റെ മകന്‍ കെ.ടി രാമറാവു, മരുമകന്‍ ഹരീഷ് റാവു എന്നിവര്‍ മന്ത്രിസഭയിലെത്തി. സബിത ഇന്ദ്ര റെഡ്ഡി, ഗാംഗുല കമലാക്കര്‍, പുവ്വാട അജയ്, സത്യവതി റാത്തോഡ് എന്നിവരാണ് മന്ത്രിസഭയിലെത്തിയ മറ്റുള്ളവര്‍.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍റെ സാന്നിദ്ധ്യത്തില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണറുടെ സത്യപ്രതിജ്ഞയും ഇന്ന് രാവിലെ നടന്നു. ആദ്യ മന്ത്രിസഭയില്‍ സ്‌ത്രീകളില്ലായിരുന്നു എന്ന പരാതികള്‍ക്ക് മൂന്ന് പേരെ മന്ത്രിയാക്കിയാണ് ചന്ദ്രശേഖര റാവു മറുപടി നല്‍കിയത്. പുതിയ മന്ത്രിമാരില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. മറ്റുള്ളവര്‍ മുമ്പ് മന്ത്രിസ്ഥാനങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നവരാണ്. കഴിഞ്ഞ ഡിസംബറില്‍ അധികാരത്തിലെത്തിയ ടി.ആര്‍.എസ് സര്‍ക്കാരിന്‍റെ രണ്ടാം മന്ത്രിസഭാ വികസനമാണ് ഞായറാഴ്‌ച നടന്നത്.