ചെന്നൈ: തമിഴ്നാട്ടില്‍ മഴക്കുറവ് കാരണം രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ജല ലഭ്യതക്കുറവ് പരിഹരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ചര്‍ച്ചയാകുകയാണ്. മഴ ലഭിക്കാനായി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥനകളും യജ്ഞങ്ങളും സംഘടിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശം. സർക്കാരിന്‍റെ കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് ഡിപ്പാർട്ട്മെന്‍റ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. തലസ്ഥാനമായ ചെന്നൈ ഉൾപ്പടെ രൂക്ഷമായ വരൾച്ചയിലേക്ക് നീങ്ങുന്നതിനിടെയാണ് നിര്‍ദ്ദേശം.
നാദസ്വരം, വയലിൻ, വീണ, ഓടക്കുഴല്‍ ഉൾപ്പടെയുള്ള സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് അമൃതവർഷിണി, മേഘവർഷിണി, കേദാരം, ആനന്ദഭൈരവി തുടങ്ങിയ രാഗങ്ങൾ ആലപിക്കണമെന്നും നിർദ്ദേശമുണ്ട്. ക്ഷേത്രങ്ങളിൽ നടത്തിയ പൂജകളുടെ വിവരങ്ങൾ അറിയിക്കാനും വകുപ്പ് ക്ഷേത്ര ഭാരവാഹികൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നു.