ചെന്നൈ: മുപ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തമിഴ് നടൻ വിജയിയെ ആദായ നികുതി വകുപ്പ് വിട്ടയച്ചു. ബിഗില്‍ സിനിമയില്‍ കൈപ്പറ്റിയ പ്രതിഫലത്തിലെ ക്രമക്കേട് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. വിജയിയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ആധാരങ്ങളും നിക്ഷേപ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് വിജയിയെ ഐ.ടി വകുപ്പ് കസ്റ്റഡിയിലെടുത്തത്. വിജയ്ക്കൊപ്പം ഭാര്യ സംഗീതതയെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വിജയിന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചെന്നാണ് സൂചന.
അതേസമയം, വിജയിയുടെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ അനധികൃത പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ പറയുന്നു. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം ആദായ നികുതി വകുപ്പ് വ്യാപക റെയ്‌ഡ് നടത്തിയിരുന്നു. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമയും വ്യവസായിയുമായ അന്‍പു ചെഴകന്‍റെ വസതിയില്‍ നിന്ന് 77 കോടി രൂപ പിടിച്ചെടുത്തു.
ദീപാവലിക്ക് തിയേറ്ററുകളിൽ എത്തിയ ബിഗില്‍ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ നേടിയിരുന്നു. അന്‍പു ചെഴകന്‍റെ ചെന്നൈയിലും മധുരയിലുമായുള്ള 38 ഓളം സ്ഥലങ്ങളില്‍ നടന്ന റെയ്‌ഡിലാണ് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തത്. പണത്തിന് പുറമെ പ്രോപ്പര്‍ട്ടി ഡോക്യുമെന്‍റുകൾ, പ്രോമിസറി നോട്ടുകൾ, ചെക്കുകൾ തുടങ്ങിയവ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. റെയ്‌ഡില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ 300 കോടിയിലധികം രൂപയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് വിവരം.