ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കർഷകരിൽ നിന്നും വ്യാപാരികളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി നിയമസഭാംഗങ്ങളോട് അതത് മണ്ഡലങ്ങളിലെ കർഷകരിൽ നിന്നും വ്യാപാരികളിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
അതത് നിർദ്ദേശങ്ങൾ ധനമന്ത്രി നിർമലാ സീതാരാമന് മുൻപിൽ സമർപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്‍റ് ലൈബ്രറി കെട്ടിടത്തിൽ നടന്ന ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് നരേന്ദ്ര മോദി പുതിയ നീക്കം അറിയിച്ചത്. പാർലമെന്‍ററി കാര്യമന്ത്രി പ്രഹദ് ജോഷിയാണ് പ്രഖ്യാപനം നടത്തിയത്.
2020-21 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പ്രഖ്യാപനം. 2019-20 വർഷത്തെ തന്‍റെ ആദ്യ ബജറ്റ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ രണ്ടാം തവണ അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ബജറ്റായിരുന്നു ഇത്.