മുംബൈ: ബാന്ദ്ര റെയിൽവേ സ്റ്റേഷന് പുറത്ത് കുടിയേറ്റ തൊഴിലാളികൾ ഒത്തുകൂടിയത് നിർഭാഗ്യകരമാണെന്ന് എൻസിപി മേധാവി ശരദ് പവാർ. കൊവിഡ് 19 പ്രതിസന്ധി നേരിടുമ്പോൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന വ്യാജ പ്രചരണത്തെ തുടർന്നാണ് ആളുകൾ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയത്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം സന്ദേശങ്ങൾ പരിശോധിക്കേണ്ടത് ആവശ്യമാണ്. പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും രാഷ്ട്രീയം വിട്ട് ഒന്നിച്ച് നിൽകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് ഡൗൺ മെയ് 3 വരെ നീട്ടിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച്, രണ്ടായിരത്തോളം അതിഥി തൊഴിലാളികൾ ജന്മദേശങ്ങളിലേക്ക് മടങ്ങാൻ ഗതാഗത ക്രമീകരണം ആവശ്യപ്പെട്ട് ബാന്ദ്രയിൽ ഒത്തുകൂടിയത്. പൊലീസും ജനപ്രതിനിധികളും ഇടപ്പെട്ടതിനെ തുടർന്നാണ് ആളുകൾ പിരിഞ്ഞുപോയത്.