ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സൈനിക ശക്തികളായ ഇന്ത്യയുടെയും ചൈനയുടെയും ലെഫ്റ്റനന്‍റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥർ കിഴക്കൻ ലഡാക്കിലെ ചുഷുൽ-മോൾഡോയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ചൈന അതിർത്തിയുമായി ബന്ധപ്പെട്ട സംഘർഷം കനക്കുന്ന സാഹചര്യത്തിലാണ് കൂടികാഴ്ച. അതിർത്തിയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നത് ഈ സംഘർഷത്തിന്‍റെ തീവ്രതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മൂന്ന് പ്രധാന കാര്യങ്ങളുടെ പുനഃസ്ഥാപനമാണ് സൈനിക നയതന്ത്ര തലങ്ങളിലുള്ള ചർച്ചകളിലൂടെ നിലനിർത്താൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്. പാങ്കോംഗ് തടാകത്തിന്‍റെ വടക്കൻ തീരത്തെ സൈനികർക്കെതിരായ അതിക്രമങ്ങൾ കുറയ്ക്കുക, അതിർത്തിയിൽ സൈനിക വിന്യാസം വെട്ടിക്കുറയ്ക്കുക. മൂന്നാമതായി അതിർത്തി പൂർവ്വസ്ഥിയിലേക്ക് മടക്കി കൊണ്ടുവരിക.
നിലവിലെ പ്രത്യാഘാതങ്ങൾ…
വടക്കൻ അതിർത്തികളിൽ റോഡ് നിർമിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളാണ് ചൈനയുടെ എതിർപ്പിനും തുടർന്നുള്ള ഏറ്റുമുട്ടലിനും മൂലകാരണം. സായുധരായ രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള കൃത്യതയില്ലാത്ത അതിർത്തിയാണ് സങ്കീർണത കൂട്ടുന്നത്. 1998 മുതൽ ചൈന തങ്ങളുടെ ആറ് അയൽ രാജ്യങ്ങളുമായി ഏതാണ്ട് 11 ഭൂമി തർക്കങ്ങൾ പരിഹരിച്ചു. ഇന്ത്യയുമായുള്ള അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിൽ ചൈന പിന്നോട്ടു മാറുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്. ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തെ ആവശ്യമുള്ളപ്പോൾ എടുത്തു പ്രയോഗിക്കാനുള്ള ശക്തമായ ആയുധമായാണ് ചൈന നോക്കി കാണുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.
2019 ഓഗസ്റ്റ് 5 മുതൽ, പാകിസ്താൻ അധിനിവേശ കശ്മീരിലെ ഗിൽഗിത്-ബാൾട്ടിസ്ഥാനും 1962 മുതൽ ചൈനക്കാരുടെ അധിനിവേശത്തിലുള്ള അക്സായി ചിന്നും പരസ്യമായി അവകാശപ്പെടുന്നതിൽ ഇന്ത്യ മാറ്റം വരുത്തി. ഗിൽഗിത്-ബാൾട്ടിസ്ഥാനിലൂടെ കടന്നുപോകുന്ന സിപെക്ക് പദ്ധതിയ്ക്ക് ചൈന 67 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ട്. അറേബി കടലിലേക്കും ഗൾഫിലേക്കും ചൈനയ്ക്ക് പ്രവേശനം അനുവദിക്കുന്ന സിപെക്ക് ചൈനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഊർജ്ജ സ്രോതസ്സുകൾക്കായി ചൈന ഗൾഫിനെ വളരെയധികം ആശ്രയിക്കുന്നു. ഗിൽജിത്-ബാൾട്ടിസ്ഥാനിന് അവകാശവാദം ഉന്നയിക്കുന്നതിലൂടെ, ഇന്ത്യ ചൈനയുടെ ആ സ്വപ്നത്തിന്‍റെ വഴിമുടക്കുകയാണ്.
കൂടാതെ, ആഗോള ശക്തിയായ യുഎസ് ചൈനയോടുള്ള എതിർപ്പ് വീണ്ടും വീണ്ടും പരസ്യപ്പെടുത്തുന്നതും ജി 7 വിപുലീകരിച്ച് ഇന്ത്യയെ ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിടുന്നതും ചൈനയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇന്ത്യയോട് ചേർന്നു നിൽക്കാൻ അമേരിക്ക ശ്രമിക്കുന്നത് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയതുകൊണ്ട് മാത്രമല്ല. അമേരിക്കയുടെ ഇന്തോ-പസഫിക് നയങ്ങളുടെ പ്രധാന സ്തംഭമായി ഇന്ത്യ നിലനിൽക്കുന്നു എന്നത് കൊണ്ടുകൂടിയാണ്