ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 92 ഇന്തോനേഷ്യക്കാര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചും വിസാചട്ടങ്ങള്‍ ലംഘിച്ചും നിയമവിരുദ്ധമായി തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 10000 രൂപ വീതം പിഴയില്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഗുര്‍മോഹിന കൗറാണ് ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്ക് ജാമ്യം അനുവദിച്ചത്. കുറ്റം സമ്മതിച്ച് ശിക്ഷയില്‍ ഇളവ് നേടാനായി പ്ലീ ബാര്‍ഗെയിനിങ് അപേക്ഷ വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്ന് അഭിഭാഷകരായ അഷിമ മണ്ടാല, മന്ദാകിനി സിങ്, ഫഹിം ഖാന്‍ എന്നിവര്‍ പറഞ്ഞു.
പൊതുസമൂഹത്തിന്‍റെ സാമൂഹ്യ സാമ്പത്തിക കാര്യങ്ങളെ ബാധിക്കാത്ത 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിലോ, സ്‌ത്രീകള്‍ക്കും 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും എതിരയല്ലാത്ത കേസുകളിലും പ്ലീ ബാര്‍ഗെയിനിങ് സമര്‍പ്പിക്കാം. തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത നൂറുകണക്കിനാളുകള്‍ക്കാണ് കൊവിഡ് ബാധിച്ചത്. രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ കൊവിഡ് വ്യാപിക്കാന്‍ ഇതും ഒരു കാരണമായിത്തീര്‍ന്നു.