ന്യൂഡൽഹി: കൊവിഡ് സമയത്തെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തതിന് തടവിലായിരുന്ന 85 കിർഗിസ്ഥാൻ പൗരന്മാർക്ക് കോടതി ജാമ്യം അനുവദിച്ചു. വിസ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗുർമോഹിന കൗർ ഇവര്‍ക്ക് 10,000 രൂപ വീതം വ്യക്തിഗത ബോണ്ടും നൽകി.
ഇതുവരെ 34 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 532 വിദേശ പൗരന്മാർക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിൽ 36 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 956 വിദേശികൾക്കെതിരെ പൊലീസ് 59 കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച പ്രതികൾ തിങ്കളാഴ്‌ച വീണ്ടും ഹര്‍ജി സമർപ്പിക്കുമെന്ന് പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകരായ അഷിമ മണ്ട്ല, മന്ദാകിനി സിങ്, ഫാഹിം ഖാൻ എന്നിവർ പറഞ്ഞു. കോടതി വാദം കേൾക്കുന്നതിനിടെ എല്ലാ വിദേശ പൗരന്മാരും വീഡിയോ കോൺഫറൻസിങിലൂടെ കോടതിയിൽ ഹാജരായി.