ന്യൂഡൽഹി: നിസാമുദ്ദീന്‍ തബ്‌ലിഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 536 വിദേശികൾക്കെതിരെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും. 374 വിദേശ പൗരന്മാർക്കെതിരെയായി 35 കുറ്റപത്രങ്ങൾ പൊലീസ് നേരത്തെ ഫയൽ ചെയ്തിരുന്നു. 536 വിദേശികളും മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വിസ നിയമങ്ങൾ ലംഘിച്ചതിനാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ ഇവരുടെ വിസ റദ്ദാക്കി കരിമ്പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്.
പകർച്ചവ്യാധി നിയമം സംബന്ധിച്ച സർക്കാർ മാർഗനിർദേശങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം, ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം, സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകളുടെ ലംഘനം എന്നിവയും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ ജീവന് അപകടകരമായ രോഗം പടർത്താൻ സാധ്യതയുള്ള രീതിയിൽ അശ്രദ്ധമായി പ്രവർത്തിക്കുക തുടങ്ങി സെക്ഷൻ 269 പ്രകാരം പ്രതികൾ ശിക്ഷിക്കപ്പെടേണ്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ ക്വാറന്‍റൈൻ നിർദേശങ്ങളും ലംഘിച്ചിട്ടുണ്ട്.