ന്യൂയോര്‍ക്: യു.പിയിലെ മുസ്ലീങ്ങള്‍ക്കെതിരായ വംശഹത്യയെന്ന പേരില്‍ വ്യാജവീഡിയോ ട്വിറ്ററില്‍ പങ്കുവച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് ഇന്ത്യ. പഴയശീലങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടാണെന്ന് ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു. നേരത്തേ വിമര്‍ശനവുമായി വിദേശകാര്യ വക്താവ് രവീഷ് കുമാറും രംഗത്തെത്തിയിരുന്നു.
ഇമ്രാന്‍ഖാന്‍ പങ്കുവച്ച ദൃശ്യങ്ങള്‍ 2013 ല്‍ ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ പൊലീസ് നടപടിയുടേതാണെന്ന് യു.പി പൊലീസ് വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ വിഭാഗമായ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനാണ് ദൃശ്യങ്ങളിലുള്ളതെന്നും പൊലീസ് പറഞ്ഞു. വ്യാജ വീഡിയോകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് നീക്കം ചെയ്തിരുന്നു.
