ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി തന്‍റെ കൃഷിയിടത്തിൽ ക്ഷേത്രം പണിത് തിരുച്ചിറപ്പിള്ളിയിലെ കർഷകൻ. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പോലുള്ള ക്ഷേമപദ്ധതികൾ തനിക്ക് ഏറെ പ്രയോജനപ്പെട്ടെന്നും പ്രധാന മന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ക്ഷേത്രം പണിതതെന്നും പി.ശങ്കർ എന്ന കര്‍ഷകൻ പറയുന്നു. എറകുടി ഗ്രാമത്തിലെ തന്‍റെ കൃഷിയിടത്തില്‍ പണിത മോദി ക്ഷേത്രം കഴിഞ്ഞയാഴ്‌ചയാണ് ഉദ്ഘാടനം ചെയ്‌തത്. എല്ലാ ദിവസവും ഇയാൾ മോദിയുടെ പ്രതിഷ്‌ഠക്ക് മുന്നില്‍ ആരതിയുഴിയുകയും ആരാധിക്കുകയും ചെയ്യുന്നു. മോദിയുടെ പ്രതിമയുടെ ഇരുവശത്തുമായി പരമ്പരാഗത വിളക്കും സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 1.2 ലക്ഷം രൂപ മുടക്കിയാണ് നരേന്ദ്ര മോദിയുടെ ക്ഷേത്രം പണിതത്.
എട്ട് മാസം മുമ്പാണ് ക്ഷേത്രത്തിന്‍റെ പണികൾ ആരംഭിച്ചത്. ഒരു ക്ഷേത്രം പണിയാനും ആരാധന നടത്താനും എന്താണ് പ്രേരിപ്പിച്ചതെന്ന ചോദ്യത്തിന്, കേന്ദ്രത്തിന്‍റെ ക്ഷേമ പദ്ധതികളിൽ നിന്ന് തനിക്ക് നേട്ടമുണ്ടായതായും ഇത്തരം സംരംഭങ്ങളിലൂടെ പ്രധാനമന്ത്രിയെ ഇഷ്ടപ്പെട്ടതായും ശങ്കര്‍ പറഞ്ഞു. കർഷകർക്കായുള്ള ധനസഹായത്തിനു പുറമെ ഗ്യാസ് ലഭിക്കാനും, ശൗചാലയം നിര്‍മിക്കാനുള്ള ധനസഹായവും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി ലഭിച്ചു. അദ്ദേഹത്തിന്‍റെ വ്യക്തിത്വം ഏറെ ഇഷ്ടമാണെന്നും വളരെക്കാലമായി മോദിയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും ശങ്കര്‍ പറഞ്ഞു. മോദിയെ നേരില്‍ കാണണമെന്ന തന്‍റെ വലിയ ആഗ്രഹവും ശങ്കര്‍ പങ്കുവക്കുന്നു.