ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപിമാരായ ടിഎൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്‌പെൻഡ് ചെയ്യും. ഇതിനായുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും. എന്നാല്‍ പ്രമേയത്തെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. തിങ്കളാഴ്‌ച സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ക്ക് കോണ്‍ഗ്രസും ബിജെപിയും വിപ്പു നല്‍കിയിട്ടുണ്ട്.
സ്ത്രീ സുരക്ഷ ഉന്നയിച്ചുള്ള ചര്‍ച്ചക്കിടെ സ്മൃതി ഇറാനിയും കേരള എംപിമാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നും കാണിച്ച് സ്മൃതി ഇറാനി സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. എംപിമാരെ പുറത്താക്കണമെന്ന് ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കേണ്ട ചര്‍ച്ചയ്ക്ക് വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനി മറുപടി നല്‍കിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.