ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ 14 അംഗ പാനലിൽ രൺദീപ് സിങ് സുർജേവാല അധ്യക്ഷനാകും. മുൻ സ്‌പീക്കർ മീരാ കുമാർ, മുൻ മന്ത്രി സുബോദ് കാന്ത് സഹായ്, താരപ്രചാരകരായ ശത്രുഘ്‌നൻ സിൻഹ, കീർത്തി ആസാദ് എന്നിവരടങ്ങുന്നതാണ് 14 അംഗ പാനൽ. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം താരിഖ് അൻവർ, സെക്രട്ടറി ഷക്കീൽ അഹമ്മദ്, മുൻ ഹരിയാന മന്ത്രി അജയ് യാദവ് എന്നിവരും പാനലിൻ്റെ ഭാഗമാകും.
കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധി ബിഹാർ തെരഞ്ഞെടുപ്പിനായി അഞ്ച് പാനലുകളാണ് പ്രഖ്യാപിച്ചത്. അതേസമയം പാർട്ടിയുടെ ദേശീയ വക്താവ് പവൻ ഖേരയെ ബിഹാർ തെരഞ്ഞെടുപ്പിൻ്റെ മാധ്യമ സമിതി തലവനായി തിരഞ്ഞെടുത്തു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരടങ്ങുന്ന താര പ്രചാരകരുടെ പട്ടിക കോൺഗ്രസ് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.
ഗുലാം നബി ആസാദ്, ശക്തിസിങ് ഗോഹിൽ, താരിഖ് അൻവർ, ശത്രുഘൺ സിൻഹ, ഷക്കീൽ അഹമ്മദ്, കീർത്തി ആസാദ്, നിഖിൽ കുമാർ, രൺദീപ് സിംഗ് സുർജേവാല, അനിൽ ശർമ, പ്രമോദ് തിവാരി, അഖിലേഷ് പ്രസാദ് സിംഗ്, ഉദിത് രാജ്, രാജ് ബബ്ബാർ എന്നിവരടങ്ങുന്നതാണ് സമിതി. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബർ 28, നവംബർ 3, 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും.