ഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം വേണ്ടെന്ന കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരാണ് റാഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഹര്‍ജിക്കാര്‍ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് നല്‍കിയ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും രേഖകള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും പ്രതിരോധ മന്ത്രാലയം സെക്രട്ടറിയും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലും നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണായമാകും.
അതേസമയം, രേഖകളില്‍ അടിസ്ഥാനമുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. യുദ്ധവിമാനത്തിന്‍റെ വില സംബന്ധിച്ച വിവരങ്ങൾ സീൽവെച്ച കവറിൽ സര്‍ക്കാര്‍ കോടതിയിൽ നൽകിയിരുന്നു. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് എം എൽ ശര്‍മ്മ, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ നൽകിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് റാഫേൽ ഇടപാടിന്‍റെ വിശദാംശങ്ങൾ കൈമാറാൻ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.