ന്യൂഡല്‍ഹി: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച ബിജെപി നീക്കത്തിനെതിരായി ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികൾ സമർപ്പിച്ച സംയുക്ത ഹർജിയില്‍ വാദം ആരംഭിച്ചു . ഇന്നലെ രാവിലെ 11.30ന് മുതല്‍ ഒരു മണിക്കൂര്‍ വാദം കേട്ട കോടതി കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചിരുന്നു. മൂന്നു ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യം കോടതി തള്ളി. ശിവസേനക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലാണ് ഇന്നലെ ഹാജരായത്. എന്‍സിപിക്ക് വേണ്ടി മനു അഭിഷേക് സിങ്‌വിയും ബിജെപിക്ക് വേണ്ടി മുകുല്‍ റോത്താഗിയുമാണ് ഹാജരായത്. ഗവര്‍ണര്‍ക്ക് വേണ്ടി തുഷാര്‍ മേത്ത വാദങ്ങള്‍ ഉന്നയിച്ചു.
സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.