അയോധ്യ കേസിലെ മുഴുവൻ പുനപരിശോധന ഹർജികളും തള്ളി സുപ്രീംകോടതി. 18 ഹർജികളാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹർജികളില്‍ പുതിയ നിയമവശങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, അബ്ദുൾ നസീർ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.
ജംയത്തുല്‍ ഉലുമ ഇ ഹിന്ദ് അടക്കമുള്ള രാജ്യത്തെ 40 അക്കാദമിക വിദഗ്‌ധർ എന്നിവരുടെ ഹർജികളാണ് ഇതില്‍ ഉൾപ്പെടുന്നത്. ഇനി തിരുത്തല്‍ ഹർജിക്ക് മാത്രമാണ് സാധ്യത. ചീഫ് ജസ്റ്റിസിന്‍റെ ചേംബറില്‍ രണ്ടര മണിക്കൂറോളമാണ് ജഡ്ജിമാർ ഹർജികൾ പരിഗണിച്ചത്.
അയോധ്യയില്‍ നേരത്തെ ഉന്നയിക്കപ്പെടാതിരുന്ന പുതിയ വാദങ്ങൾ എന്തെങ്കിലും പുന പരിശോധന ഹർജികളില്‍ ഉണ്ടോയെന്നാണ് ബെഞ്ച് പരിശോധിച്ചത്. പുതിയ വിഷയങ്ങൾ ഒന്നും ഉന്നയിക്കപ്പെടാതിരുന്ന സാഹചര്യത്തിലാണ് ഹർജികൾ തള്ളാൻ കോടതി തീരുമാനിച്ചത്.
നവംബർ ഒമ്പതിനാണ് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് അയോധ്യ കേസില്‍ ചരിത്ര വിധി പുറപ്പെടുവിച്ചത്. തർക്ക ഭൂമിയുടെ അവകാശം ഹിന്ദുകൾക്ക് വിട്ട് നല്‍കുകയും മുസ്ലീം വിഭാഗത്തിന് പള്ളി നിര്‍മിക്കാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ സ്ഥലം കേന്ദ്ര സർക്കാർ നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധി.