ന്യൂഡൽഹി: കൊടുംകുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേസിൽ സുപ്രീം കോടതി വാദം കേൾക്കുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ അധ്യക്ഷത വഹിക്കുന്ന ബെഞ്ചാണ് വാദം കേൾക്കുന്നത്. കോടതി അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നാണ് സൂചന.
ജൂലൈ മൂന്നിനാണ് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ ഒരു ഡിഎസ്‌പി ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ ദുബെയുടെ കൂട്ടാളികൾ വെടിവച്ചു കൊലപ്പെടുത്തിയത്. തുടർന്ന് ഒളിവിൽ പോയ ദുബെയെ ജൂലൈ 9നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 10ന് ഉജ്ജൈനിൽ നിന്ന് കാൺപൂരിലേക്ക് പോയ പൊലീസ് വാഹനം അപകടത്തിൽ പെടുകയും കാൺപൂരിലെ ഭൗണ്ടി പ്രദേശത്ത് നിന്ന് ദുബെ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്നുണ്ടായ പൊലീസ് ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.