ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യഹര്‍ജി കോടതി പരിഗണിച്ചില്ല. ഇടക്കാല സംരക്ഷണത്തിനായി ഡല്‍ഹി സിബിഐ കോടതിയെ സമീപിക്കാൻ പി. ചിദംബരത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണ കോടതി ജാമ്യാപേക്ഷ നിരസിച്ചാൽ സിബിഐ കസ്റ്റഡി വ്യാഴാഴ്‌ച വരെ നീട്ടുമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്.
ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം സിബിഐ നല്‍കിയ അപേക്ഷയില്‍ ഡല്‍ഹി സിബിഐ കോടതി വ്യക്തത തേടിയിരുന്നു. ഒന്നാം യുപിഎ സർക്കാരിൽ പി. ചിദംബരം ധനമന്ത്രിയായിരിക്കേ സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്‌സ് മീഡിയക്ക് വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്ന കേസ്.