ഗുരുദാസ്പൂര്‍: മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കി നടത്താനും യോഗങ്ങളില്‍ പങ്കെടുക്കാനും പ്രതിനിധിയെ വെച്ച് ഗുരുദാസ്പൂര്‍ ബിജെപി എംപി സണ്ണി ഡിയോള്‍. തന്‍റെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഗുര്‍പ്രീത് സിങ് പല്‍ഹേരി എന്ന മൊഹാലി സ്വദേശിയെയാണ് സണ്ണി ഡിയോള്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.
ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല, 24 മണിക്കൂറും പ്രവര്‍ത്തിക്കാനാണ് ഒരാളെ കാര്യങ്ങൾ ഏൽപ്പിച്ചതെന്ന് സണ്ണി ഡിയോള്‍ പറഞ്ഞു. സണ്ണി ഡിയോൾ ഗുരുദാസ്പൂരിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എങ്ങനെയാണ് എംപിക്ക് പകരം ആളെ വെക്കുകയെന്നും സണ്ണി ഡിയോളിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തതെന്നും കോണ്‍ഗ്രസ് പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഗുരുദാസ്പൂരില്‍ നില്‍ക്കാതെ കൂടുതല്‍ സമയവും മുംബൈയില്‍ കഴിഞ്ഞ സണ്ണി ഡിയോളിനെതിരെ കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. എംപിയ്ക്ക് പകരം വന്ന പ്രതിനിധി പല്‍ഹേരിക്ക് പഞ്ചാബ് സര്‍ക്കാര്‍ ഔദ്യോഗിക വാഹനവും സുരക്ഷയും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.