ജയ്‌പൂർ: 2017ൽ രാജസ്ഥാനിലെ ബൻസ്വരയിലുണ്ടായ ശിശുമരണത്തിന്‍റെ റിപ്പോർട്ട് സമർപ്പിക്കാൻ രാജസ്ഥാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സംസ്ഥാനത്ത് ശിശുമരണ നിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം. മരണസംഖ്യ, ശിശുമരണത്തിന്‍റെ കാരണങ്ങൾ, എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിനോട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.
വർധിച്ചുവരുന്ന കുട്ടികളുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, മതിയായ ഡോക്‌ടർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അഭാവത്തിൽ രോഗികളെ എങ്ങനെ ചികിത്സിക്കാൻ കഴിയുമെന്ന് ചോദിച്ചു. ഈ സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ഒഴിവുള്ള തസ്‌തികകളുടെ എണ്ണം സമർപ്പിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. 2017 ൽ ബൻസ്വരയിലുണ്ടായ 90 ഓളം കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഇന്ദർജിത് മഹാന്തി, ജസ്റ്റിസ് പുഷ്പേന്ദ്ര സിംഗ് ഭാട്ടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സർക്കാരിന് നിർദേശം നൽകിയത്.