ഷിംല: ഹിമാചല്‍ പ്രദേശിന്‍റെ തലസ്ഥാന നഗരിയായ ഷിംലയില്‍ വെള്ളിയാഴ്‌ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 900 റോഡുകളും മഞ്ഞില്‍ മൂടിയ നിലയിലാണ്. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടെന്നും നിലവില്‍ കുഫ്രി, മഷോബ്ര തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ഷിംല പൊലീസ് പറഞ്ഞു.
ലാഹോള്‍ സ്‌പിതിയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് സെന്‍റര്‍ കിലോങില്‍ രേഖപ്പെടുത്തിയ കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താലനില മൈനസ് 17.6 ഡിഗ്രി സെല്‍ഷ്യസാണെന്ന് ഷിംല മെറ്റ് സെന്‍റര്‍ ഡയറക്ടര്‍ മന്‍മോഹന്‍ സിങ് പറഞ്ഞു.
മണാലിയില്‍ മൈനസ് 7.6 ഡിഗ്രി സെല്‍ഷ്യസും കല്‍പയില്‍ മൈനസ് 6.4 ഡിഗ്രി സെല്‍ഷ്യസും, പലംപൂരില്‍ മൈനസ് ഒന്നും കുഫ്രിയില്‍ മൈനസ് 2.6 ഡിഗ്രിയുമാണ്. ജനുവരി 11 മുതല്‍ 15 വരെ മഴക്കും മഞ്ഞ് വീഴ്‌ചക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.