ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ സി.എൻ അണ്ണാദുരൈ, എം.ജി.രാമചന്ദ്രൻ എന്നിവരുടെ പ്രതിമകളില്‍ മാസ്‌ക് വെച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂരിലെ നഞ്ചുന്ദപുരം ബസ് സ്റ്റോപ്പിന് സമീപം സ്ഥിതിചെയ്യുന്ന നേതാക്കളുടെ പ്രതിമകളിലാണ് മാസ്‌ക് വെച്ച നിലയില്‍ കാണപ്പെട്ടത്. തുടർന്ന് നാട്ടുകാർ ചേര്‍ന്ന് പ്രതിമകളിൽ നിന്ന് മാസ്‌കുകൾ നീക്കം ചെയ്‌തു.
ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ച് ആഴ്‌ചകൾക്ക് മുമ്പ് ലോകപ്രശസ്‌തമായ പല പ്രതിമകളിലും മാസ്‌കുകൾ ധരിപ്പിച്ചിരുന്നു. മെയ് 27ന് ഒഡിഷയിലെ മയൂർഭഞ്ച് പൊലീസ് സൂപ്രണ്ടിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ മാസ്‌ക് ധരിച്ചുള്ള നിരവധി പ്രതിമകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിരുന്നു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ യേശുക്രിസ്‌തുവിന്‍റെ പ്രതിമ മുതല്‍ ആയോധന കലാകാരൻ ബ്രൂസ്‌ലിയുടെ പ്രതിമയില്‍ വരെ മാസ്‌ക് വെച്ച ചിത്രങ്ങൾ ഇതില്‍ ഉൾപ്പെടുന്നു. ഇന്ത്യയില്‍ കൊവിഡ് വ്യാപനം ആരംഭിച്ച സമയത്ത് ജനങ്ങളില്‍ അവബോധമുണ്ടാക്കാനായി വാരണാസിയിലെ പ്രഹ്ലാദേശ്വർ ക്ഷേത്രത്തിലെ പുരോഹിതൻ ശിവലിംഗത്തിന് മാസ്‌ക് ധരിപ്പിച്ചിരുന്നു.
അതേസമയം തമിഴ്‌നാട്ടിൽ ഞായറാഴ്‌ച 2,532 കൊവിഡ് കേസുകളും 53 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ആകെ 59,377 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 757 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു.